കോഴിക്കോട്: നഗരത്തിൽ എം.ഡി.എം.എ വിൽക്കുന്ന യുവാവിനെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മിഷണർ കെ.എ. ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും എസ്.ഐ വി .ടി ഹരീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്ന് പിടികൂടി. അത്തോളി സ്വദേശി കൊളകാട് അയനി പുറത്ത് മർഹബ ഹൗസിൽ ടി.കെ.മുഹമ്മദ്ദ് നുഫെെലാണ് (26) അറസ്റ്റിലായത്. എലത്തൂർ പെട്രോൾ പമ്പിനടുത്ത് വച്ച്, ഒന്നര ലക്ഷം വിലവരുന്ന 35 ഗ്രാമോളം എം.ഡി.എം.എയുമായാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് നഗരത്തിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണിയാൾ. ബംഗളൂരുവിൽ നിന്നും വരുന്ന ടൂറിസ്റ്റ് ബസിലാണ് ലഹരിയെത്തിക്കുന്നത്. എലത്തൂർ, പറമ്പത്ത്, അത്തോളി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിൽപ്പന. എലത്തൂർ ഭാഗങ്ങൾ ക്രന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് കച്ചവടത്തെ പറ്റി വിവരം ലഭിച്ചതിൽ ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു നുഫൈൽ. നാട്ടിൽ ആർക്കും സംശയം തോന്നാത്ത വിധം റിയൽ എസ്റ്റേറ്റിൻ്റെയും വണ്ടിക്കച്ചവടത്തിന്റെയും മറവിൽ ഇയാൾ ലഹരി കച്ചവടം നടത്തുകയായിരുന്നു. സാമ്പത്തിക ഇടപാടു സംബന്ധിച്ച് ഒരാളെ തട്ടി കൊണ്ടുപോയി എന്നതിൽ അത്തോളി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്