മലപ്പുറം: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ യൂണിയൻ നിലനിർത്തി യുഡിഎസ്എഫ്. എല്ലാ ജനറൽ സീറ്റിലും യുഡിഎസ്എഫ് വിജയിച്ചു. എംഎസ്എഫിന്റെ ഷിഫാന പികെയാണ് ചെയർപേഴ്‌സൺ. തൃശൂർ കൊടുങ്ങല്ലൂർ ഗവൺമെൻ്റ് കോളേജ് വിദ്യാർത്ഥിയാണ് ഷിഫാന. വർഷങ്ങൾക്ക് ശേഷമാണ് എംഎസ്എഫിന് ഒരു ചെയർപേഴ്സൺ സ്ഥാനം ലഭിക്കുന്നത്.സെഞ്ച്വറി ഭൂരിപക്ഷത്തിൻ്റെ ചരിത്ര വിജയമാണ് എംഎസ്എഫ്-കെഎസ്‌യു സഖ്യം നേടിയത്. ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎസ്എഫ് പ്രതിനിധികൾ വിജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. 45 വർഷം മുൻപ് എസ്എഫ്ഐ-എംഎസ്എഫ് മുന്നണിയിൽ ടിവിപി ഖാസിം സാഹിബ് ചെയർമാൻ ആയ ശേഷം ഇതാദ്യമായാണ് എംഎസ്എഫിന് ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയുണ്ടായത്.
അഞ്ച് ജനറൽ സീറ്റിൽ നാലെണ്ണത്തിൽ എംഎസ്എഫും ഒരു സീറ്റിൽ കെഎസ്യൂവും വിജയിച്ചു. ജനറൽ സെക്രട്ടറിയായി എംഎസ്എഫിൻ്റെ സൂഫിയാൻ വില്ലൻ, വൈസ് ചെയർമാനായി എംഎസ്എഫിന്റെ മുഹമ്മദ് ഇർഫാൻ എസി, വൈസ് ചെയർമാൻ ലേഡിയായി എംഎസ്എഫിൻ്റെ നാഫിയ ബിറ, ജോയിന്റ് സെക്രട്ടറിയായി കെഎസ്യുവിന്റെ അനുഷ റോബിയും തെരഞ്ഞെടുക്കപ്പെട്ടു.