കുന്ദമംഗലം: ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സ്ത്രീ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. സുൽത്താൻ ബത്തേരി നെടുംപറമ്പിൽ വീട്ടിൽ പ്രഷീന (43), കോഴിക്കോട് കുരുവട്ടൂർ സ്വദേശി റോസ ഹൗസിൽ മുഹമ്മദ് ഷാജിൽ (49) എന്നിവരെയാണ് കുന്ദമംഗലം പോലീസ് ആരാമ്പ്രത്തു നിന്നും പിടികൂടിയത്. 2025 ഏപ്രിൽ 24ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് (24)നെ ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്നും സ്‌കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടു വന്ന 59.7 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും വലിയൊരു മാഫിയാ ശൃംഖലയെ കുറിച്ചാണ് പോലീസിന് വിവരം ലഭിച്ചത്.
പ്രതിയുടെ ബാങ്ക് അക്കൌണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നുമാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ വീട്ടിൽ അബ്ദുൾ കബീർ (36), പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ വീട്ടിൽ നിഷാദ് (38) എന്നീ പ്രതികളെ ബംഗളുരുവിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. ഇവരിൽ നിന്നാണ് കാരിയർമാരായ പ്രഷീനയെയും മുഹമ്മദ് ഷാജിലിനെയും കുറിച്ചുള്ള വിവരം ലഭിച്ചത്. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് പ്രതികൾ ആർഭാട ജീവിതം നയിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു