കട്ടിപ്പാറ:കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ 2025- 26 വർഷത്തെ സ്കൂൾ കലാമേള മേളം 2k25 ന് സമാപനം കുറിച്ചു . 25, 26 തീയതികളിലായി നടത്തിയ മേളം 2K25 ൻ്റെ ഉദ്ഘാടന ചടങ്ങിന് ഹെഡ്മിസ്ട്രസ് ബെസി കെ.യു സ്വാഗതമാശംസിച്ചു.
സംഗീത അധ്യാപിക ലിസി ടീച്ചറും സ്കൂൾ ഗായക സംഘവും ചേർന്ന് സ്വാഗതഗാനം ആലപിച്ചു. പി ടി എ പ്രസിഡന്റ് ജോഷി മണിമല അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സർഗോത്സവം ജീവിതത്തിൽ അടുക്കും ചിട്ടയും വളർത്തി കൊണ്ടുവരുവാനും, കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാനും സഹായകമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. സീനിയർ അസിസ്റ്റൻറ് സിസ്റ്റർ ലൗലി കെ കെ ആശംസ അർപ്പിച്ചു സംസാരിച്ചു. കലോത്സവം കൺവീനർ ലിസി എം എ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് മോഹനം ,ഹംസധ്വനി, കാംബോജി എന്നിങ്ങനെ മൂന്നു വേദികളിലായി വ്യത്യസ്ത മത്സരങ്ങൾ നടത്തി. എല്ലാ വേദികളിലും കലാപ്രതിഭകൾ തങ്ങളുടെ മാറ്റുരച്ചു .മത്സരങ്ങൾ പൂർത്തിയായപ്പോൾ 185 പോയിൻ്റോടെ Yellow House ഒന്നാം സ്ഥാനവും 182 പോയിൻ്റോടെ Blue House രണ്ടാം സ്ഥാനവും 136 പോയിൻ്റോടെ Green House മൂന്നാം സ്ഥാനവും നേടി. രണ്ട് ദിവസങ്ങളിലായി നടന്ന മേളയുടെ സമാപന ചടങ്ങിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം കലാമേളയെ ശ്രദ്ധേയമാക്കി.