കാസർകോട്: കാസർകോട് കോളിയടുക്കം വയലാംകുഴിയിൽ പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം. പശുവും ഷോക്കേറ്റ് ചത്തു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന വാര്‍ത്തകൾ വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെ പാലക്കാട് പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചിരുന്നു.പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.സ്വന്തം തോട്ടത്തിൽ തേങ്ങ നോക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.തോട്ടത്തിൽ ലൈൻ പൊട്ടിവീണുകിടക്കുകയായിരുന്നു. തെങ്ങും തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുത ലൈനാണ് പൊട്ടിവീണത്. ഇന്ന് രാവിലെ ഏഴുമണിയോടെ തോട്ടത്തിലേക്ക് എത്തിയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ആദ്യം തോട്ടത്തിൽ പോയി വന്നശേഷം വീണ്ടും തേങ്ങ എടുക്കാൻ പോയപ്പോഴാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ആദ്യം വെറെ ഭാഗത്തുകൂടെ പോയതിനാലായിരിക്കാം ഷോക്കേൽക്കാതിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് സമീപത്ത് പാമ്പ് അടക്കം ചത്തുകിടക്കുന്നുണ്ടായിരുന്നു