നിർമ്മല യുപി സ്കൂളിലെ വിദ്യാർഥികൾ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് അമർജ്യോതി സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. പതിവ് വിദ്യാലയ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി നന്മയും, സൗഹൃദവും പങ്കുവെക്കുന്ന സന്ദർശനം ഹൃദയസ്പർശിയായ അനുഭവമായി മാറി. സ്നേഹത്തിന്റെയും, സഹവാസത്തിന്റെയും സന്ദേശം കുട്ടികളിൽ വളർത്തുവാൻ ഉദ്ദേശിച്ചായിരുന്നു ഈ സന്ദർശനം.
രണ്ടു സ്കൂളിലെ വിദ്യാർഥികളും ചേർന്ന് കളികളും സ്നേഹ സന്ദേശങ്ങളും പങ്കുവെച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അമർജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികൾ തങ്ങളുടെതായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി. ഇത്തരത്തിലുള്ള സന്ദർശനങ്ങൾ വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ വളർത്തുന്നതിന് ഏറെ സഹായകരമാകുമെന്ന് സന്ദർശനത്തിന് നേതൃത്വം നൽകിയ പ്രധാനാധ്യാപിക ശ്രീമതി ജിസ്ന ജോസ് പറഞ്ഞു. വിദ്യാർഥികൾക്ക് വേറിട്ട ഒരു അനുഭവം നൽകിയ അമർജ്യോതി സ്പെഷ്യൽ സ്കൂളിലെ പ്രധാനധ്യപിക സിസ്റ്റർ റിൻസിക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സീനിയർ അസിസ്റ്റന്റ് ഷൈനി പി. എ നന്ദി പറഞ്ഞു