.കോഴിക്കോട്: കോതിപാലത്ത് പുഴയിലേക്ക് ചാടി സ്കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം. പന്നിയങ്കര പോലീസ് അവസരോചിതമായി ഇടപെട്ട് പെൺകുട്ടിയെ ജീവിതത്തിലേക്കു തിരിച്ചുകയറ്റി. തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. സ്കൂളിൽ നിന്നും ഇറങ്ങിപ്പോയ വിദ്യാർത്ഥിനി കോതിപാലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ ശ്രദ്ധയിൽ പെട്ടതാണ് വഴിത്തിരിവായത്.
തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതും തുടർന്ന് പുഴയിലേക്ക് എടുത്തു ചാടുന്നതായും കണ്ടു. പോലീസ് ഉടൻ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെ വിളിച്ചുപറയുകയും പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ഉടൻ തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. പന്നിയങ്കര പോലീസ് സ്റ്റേഷനിലെ എസ്ഐ ബാലു കെ.അജിത്ത്, സിപിഒ ബിനീഷ് എന്നിവർ ചേർന്ന സംഘമാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.