വയനാട്:ഉറങ്ങി കിടന്നിരുന്ന ഒരു നാടിനെ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാക്കിയ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്. 2024 ജൂലൈ 30ന് സംഭവിച്ച കേരളക്കരയുടെ നെഞ്ച് വിങ്ങിയ ദുരന്തത്തിൽ 298 ജീവനുകളാണ് നമുക്ക് നഷ്ടമായത്. എന്നാൽ ഒരു നിമിഷം പോലും പകച്ച് നിൽക്കാതെ കേരള ജനതയും സർക്കാരും ദുരന്തഭൂമിയിലേക്ക് കുതിച്ചു. പൊട്ടിയൊലിച്ചു വന്ന ദുരന്തത്തെ ഒറ്റക്കെട്ടായി കേരളം നേരിട്ടു. അഗ്നിരക്ഷാസേനയും പൊലീസും ദുരന്തനിവാരണ സേനയും സൈന്യവും തുടങ്ങി യുവജന സംഘടനകളും സാധാരണക്കാരായ നാട്ടുകാരും വരെ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ നൂറുകണക്കിന് മനുഷ്യരെയാണ് രക്ഷപ്പെടുത്തിയത്.
ചൂരൽമല, മുണ്ടകൈ ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു മിനുട്ട് മൗനം ആചരിക്കും. ദുരന്തത്തിൽ മരിച്ച 52 വിദ്യാർത്ഥികളോടുള്ള ആദരസൂചകമായാണ് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ജൂലൈ 30ന് രാവിലെ 10:00 മണിക്ക്
ഒരു മിനിറ്റ് മൗനം ആചരിക്കാൻ നിർദേശം. പൊതുവിദ്യാഭ്യാസ ഡയരക്ടർ ഉത്തരവിറക്കി.