മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിക്കാനുള്ള സമയ പരിധി നാളെ അവസാനിക്കും. ഈ മാസം 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ഇന്നലെ വരെ 16,943 അപേക്ഷകളാണ് ലഭിച്ചത്.
ഇതിൽ 3,342 പേർ 65 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലും 2,216 പേർ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 689 പേർ ജനറൽ ബി. വിഭാഗത്തിലുമാണ്. ജനറൽ വിഭാഗത്തിൽ 10,696 പേരുമാണുള്ളത്.
കഴിഞ്ഞ തവണ ഹജ്ജിന് അപേക്ഷിച്ച് വെയിറ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട് അവസരം ലഭിക്കാത്തവർക്ക് ഇത്തവണ പ്രത്യേക പരിഗണന ലഭിക്കും. ഓൺലൈൻ അപേക്ഷയിൽ കഴിഞ്ഞ വർഷത്തെ കവർ നമ്പർ ഇവർ രേഖപ്പെടുത്തണം. പുതുതായി അപേക്ഷ നൽകുമ്പോൾ കഴിഞ്ഞ വർഷത്തെ കവറിൽ ഉൾപ്പെടാത്ത മറ്റാരെയും ഉൾപ്പെടുത്തരുത്. ജനറൽ-ബി എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കാറ്റഗറി മാറി അപേക്ഷിച്ചവർക്ക് ഈ പരിഗണന ലഭിക്കുകയില്ല.
കാറ്റഗറി മാറി അപേക്ഷ സമർപ്പിച്ചവരുണ്ടെങ്കിൽ അവസാന തിയതിക്കു മുമ്പ് തന്നെ പുതുക്കി ജനറൽ ബി. വിഭാഗത്തിൽ അപേക്ഷിക്കണം.