പേരാമ്പ്ര: പേരാമ്പ്ര സ്വദേശിയായ യുവാവിനെ ആക്രമിച്ചു പണവും വാഹനവും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ചെമ്പ്ര സ്വദേശികളായ ഫഹദ്, എടത്തിൽ സുഫൈൽ, പാണ്ടിക്കോട് സ്വദേശി അജിനാസ് തുടങ്ങിയവരെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ കോടേരിച്ചാൽ സ്വദേശി സിറാജ്, മൂരികുത്തി സ്വദേശി ഷമീർ എന്നിവർ ഒളിവിലാണ്. ഇതിൽ ഷമീർ വിദേശത്തേക്ക് കടന്നുവെന്നു പോലീസ് പറഞ്ഞു.
ജൂലായ് 11ന് രാത്രി 9.15ഓടെ പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിന് സമീപം വെച്ചാണ് സംഭവം. കാറിൽ ഇരിക്കുകയായിരുന്ന പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി ആഷിക്കിനെ പ്രതികൾ കാറിന് പുറത്ത് വലിച്ചിറക്കി മർദ്ദിച്ച് ആഷിക്കിന്റെ ആഡംബരവാഹനവുമായി കടന്നു കളയുകയായിരുന്നു. ആഷിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന 11000 രൂപ അടങ്ങിയ പേഴ്‌സും മറ്റു രേഖകളും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയ ശേഷം പ്രതികൾ നിരന്തരം വീഡിയോ കാൾ ചെയ്ത‌് ആഷിക്കിനെ ഭീഷണിപ്പെടുത്തിയിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി.ജംഷിദ്, എസ്.ഐ ഷമീർ എന്നിവരുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ സുനിൽകുമാർ, ഡി.വൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ ഷാഫി, ജയേഷ് എന്നിവർ നടത്തിയ അതി സാഹസികമായ തെരച്ചിലിന് ഒടുവിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടിയത്.