വടകര: വടകര- മാഹി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് വടകര പൊലീസ്. തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് ഇന്ന് വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.
മറ്റ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത മിസ്സിംഗ് കേസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവിൽ വടകര സ്റ്റേഷനിൽ മിസ്സിംഗ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച് തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലാണുള്ളത്.
ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പൊലീസ് സ്റ്റേഷനിലോ സമീപത്തുള്ള സ്റ്റേഷനിലോ അറിയിക്കണം എന്ന് വടകര പൊലീസ് അറിയിച്ചു.