കൊച്ചി: തെരുവുനായ്‌ക്കള ദയാവധത്തിന് വിധേയമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി. ആനിമല്‍ ഹസ്‌ബന്‍ഡറി പ്രാക്‌ടീസസ് ആന്‍ഡ് പ്രസീജേര്‍സ് റൂള്‍സ് സെക്ഷന്‍ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തടഞ്ഞത്. സുപ്രീം കോടതി, ഹൈക്കോടതി മുന്‍ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്‌ഥാനത്തില്‍ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്‌റ്റിസ് സി.എസ്. ഡയസ് വ്യക്‌തമാക്കി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്.
രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി രോഗം വന്നതോ, രോഗം പരത്താന്‍ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ കണ്ടെത്തുന്ന മൃഗങ്ങള്‍, ഗുരുതരമായി പരുക്കേല്‍ക്കുകയോ ജീവിക്കാന്‍ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങള്‍ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തീരുമാനം.
എന്നാല്‍, 2023ലെ എ.ബി.സി നിയമത്തില്‍ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാല്‍ നായകള്‍ക്ക് സ്വാഭാവികമായി ജീവന്‍ നഷ്‌ടമാകുന്നതു വരെ ഏകാന്തമായി പാര്‍പ്പിക്കണം എന്നാണ്. സാധാരണ ഗതിയില്‍ 10 ദിവസങ്ങള്‍ കൊണ്ട് അവയ്‌ക്ക് ജീവന്‍ നഷ്‌ടപ്പെടും. ഇക്കാര്യവും ഇതു സംബന്ധിച്ച കോടതിയുടെ മുന്‍ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.