കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയുടെ തിരോധാനത്തിൽ വെളിപ്പെടുത്തലുമായി മാമിയുടെ ബന്ധുവും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ എ കെ ഹസൻ. അന്വേഷണത്തിൽ തുടക്കം മുതൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായി. നടക്കാവ് എസ്എച്ച്ഒ ആയിരുന്ന പി കെ ജിജീഷിന് മേൽ സമ്മർദമുണ്ടായി. കാടിളക്കി പരിശോധിക്കേണ്ട എന്ന് മുകളിൽ നിന്ന് നിർദേശിച്ചെന്നും കേസിന്റെ സ്വകാര്യത നഷ്ടപ്പെട്ടുവെന്നും എ കെ ഹസൻ പറഞ്ഞു. ഫയൽ അപ്ഡേറ്റ് ചെയ്താൽ മതി എന്നാണ് ജിജീഷിന് മുകളിൽ ലഭിച്ച നിർദേശം. സഹപ്രവർത്തകനായിരുന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നും എ കെ ഹസൻ കൂട്ടിച്ചേർത്തു.
മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിരന്തരമായി കേസിൽ ഇടപെട്ടുകൊണ്ടിരുന്ന ആളാണ് താൻ. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പുറത്തുവരുന്നു. കേസിന്റെ സ്വകാര്യത നഷ്ടപ്പെട്ടു.
സാക്ഷികൾ ആരെല്ലാം, മൊഴികൾ എന്തൊക്കെ എന്നെല്ലാം പുറത്തുവന്നു. മാമി തിരോധാനത്തിൽ പങ്കുള്ളവർ പൊലീസിനെ സ്വാധീനിച്ചെന്നും ബന്ധു
കോഴിക്കോട് ഡിസിപിക്ക് മാമിയുടെ മകൾ നൽകിയ പരാതി ചോർന്നു. ആശുപത്രിയിൽ വെച്ച് ആരോപണ വിധേയൻ ഇത് കാണിച്ചുകൊടുത്തു. പുറത്തുള്ള ഒരാൾക്ക് ഇത് എങ്ങനെ ലഭിച്ചു. 15 ദിവസം കൊണ്ട് കേസ് തെളിയിക്കാമായിരുന്നു. രണ്ടുവർഷം ആയിട്ടും ഒന്നുമായില്ലെന്നും എ കെ ഹസൻ പറഞ്ഞു