കൂത്താട്ടുകുളം: സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍. സി.പി.എം തിരുമാറാടി ലോക്കല്‍ കമ്മിറ്റി അംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശ രാജുവിനെ (56)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമാറാടി പഞ്ചായത്ത് കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍, എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂനിയന്‍, കര്‍ഷകസംഘം സംഘടനകളുടെ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി അംഗമാണ് ആശ രാജു.
ബുധനാഴ്ച രാത്രി 8.15ഓടെയായിരുന്നു സംഭവം. ടോര്‍ച്ചിന്റെ വെളിച്ചംകണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദ്രോഗിയായിരുന്നുവെന്നാണ് പറയുന്നത്
പാര്‍ട്ടിയുടെ അവഗണനയില്‍ വിഷമം പ്രകടിപ്പിച്ച് ഏതാനും ദിവസം മുമ്പ് ഇവര്‍ നേതാക്കള്‍ക്കയച്ച ശബ്ദസന്ദേശം വാട്‌സ്ആപ് ഗ്രൂപ്പുകളില്‍പ്രചരിക്കുന്നുണ്ട്. ഇത്രയധികം ചുമതലകള്‍ വഹിക്കുന്നയാളായിട്ട് കൂടി തന്റെ വീട്ടിലേക്കുള്ള വഴിക്ക് താന്‍ ജീവനോളം സ്‌നേഹിച്ച പാര്‍ട്ടിയും നേതാക്കളും തടസ്സംനിന്നെന്നാണ് സന്ദേശത്തിലുള്ളത്. ഏതാനും വര്‍ഷംമുമ്പ് തന്റെ മകന്‍ ഹൃദ്രോഗബാധിതനായി കുഴഞ്ഞുവീണപ്പോള്‍ വഴിയില്ലാത്തതിനാല്‍ സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് മരണം സംഭവിച്ചത്. തനിക്കും ഇതേ അനുഭവം ഉണ്ടായേക്കാമെന്നും സന്ദേശത്തിലുണ്ട്.
മകന്‍: പരേതനായ നിഷു. മരുമകള്‍: അഞ്ജലി (നഴ്‌സ്, സഊദി). സംസ്‌കാരം വെള്ളിയാഴ്ച നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ തിരുമാറാടി ടാഗോര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും