തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. തർക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ലെന്നും ഇപ്പോഴുള്ളതുപോലെ മതിയെങ്കിൽ അങ്ങനെ തന്നെ തുടരുമെന്നും പൊതുജനാഭിപ്രായം തേടുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ലഭ്യമായ പ്രതികരണങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. തന്റെ നാല് വർഷത്തെ അനുഭവത്തിൽ വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളിൽ ഈ ആശയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലത്തെ തുടർച്ചയായ സ്‌കൂൾ അവധികളും കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു മാറ്റം പരിഗണിക്കുന്നത്. മഴ കാരണം അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ക്ലാസുകൾ മുടങ്ങുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു.
ശനിയാഴ്ചകളിൽ ക്ലാസുകൾ വച്ച് ഈ നഷ്ടം നികത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഇത് പൂർണമായി പ്രായോഗികമല്ലെന്നാണ് പൊതുവായ അഭിപ്രായം. എന്നാൽ കെ.പി.എസ്.ടി.എ, എ.എച്ച്.എസ്.ടി.എ തുടങ്ങിയ പ്രതിപക്ഷ അധ്യാപക സംഘടനകൾ നിർദേശത്തെ എതിർക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്നാണ് അവരുടെ വാദം. ഓണപ്പരീക്ഷയെ അവധിമാറ്റം ബാധിക്കുമെന്നും സംഘടനകൾ പറയുന്നു. കൂടാതെ വേനൽക്കാലത്തെ അമിതമായ ചൂട് കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ ശരിയായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ മാറ്റം നടപ്പാക്കാവൂ എന്ന് ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ മാറ്റം ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, അവധിക്കാലം 55 കൊല്ലം മുൻപും ജൂൺ, ജൂലൈയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഒറ്റവർഷം കൊണ്ടു തീരുമാനം മാറ്റുകയായിരുന്നു.1970 ഏപ്രിൽ 18ന് ആയിരുന്നു സ്‌കൂൾ അവധി മാറ്റി ഉത്തരവിറങ്ങിയത്. ഇതുപ്രകാരം സ്‌കൂളുകൾ മധ്യവേനൽ അവധിക്കുവേണ്ടി ഏപ്രിൽ 15ന് അടച്ചു. പിന്നീട് മെയ് 2നു തുറന്നു. അധ്യയനവർഷാരംഭം മെയ് രണ്ടിനായിരുന്നു. തുടർന്ന് ജൂൺ 21 വരെ പ്രവർത്തിച്ചു. ജൂൺ 22 മുതൽ ജൂലൈ 31 വരെ മഴ ക്കാല അവധിയായിരുന്നു. 1969 ജൂലൈ 22നു കണ്ണൂർ കണ്ണവം എ.യു.പി സ്‌കൂളിലുണ്ടായ ദുരന്തമാണ് അവധിക്കാലം മാറ്റാൻ പ്രേരിപ്പിച്ചത്. അന്നു കൊടുങ്കാറ്റിൽ കെട്ടിടം തകർന്ന് 14 കുട്ടികളാണു മരി ച്ചത്. 1970 ൽ ജൂൺ, ജൂലൈ മാസങ്ങളിൽ അവധി നൽകിയെങ്കിലും രണ്ട് മാസവും കാര്യമായ മഴയുണ്ടായില്ല. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിലെ ചൂടിൽ കുട്ടികൾ വലയുകയും ചെയ്തു.