പശുക്കടവ്: പശുക്കടവിൽ വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും പൊലീസ് അറിയിച്ചു. കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്.
കൊക്കോ മരത്തിൽ വൈദ്യുതി കമ്പി കുടുക്കാൻ സജ്ജീകരണം നടത്തിയതായും സൂചനകൾ. മൃതദേഹം കിടന്നതിന് സമീപത്തുകൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നുമുണ്ട്. 15 മീറ്റർ മാത്രം അകലെയാണ് വൈദ്യുത പ്രദേശത്തുള്ള ലൈൻ കടന്നു പോകുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താൻ വനം വകുപ്പ് ഒരുങ്ങി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് ആരോപിച്ചു.
കുറ്റ്യാടി പശുക്കടവ് ചൂളപറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ ഇന്നലെ ഉച്ചതിരിഞ്ഞ് ആയിരുന്നു കാണാതായത്. മേയാൻ വിട്ട വളർത്തു പശു തിരികെ എത്താഞ്ഞതിനെ തുടർന്ന് അന്വേഷിച്ച് ഇറങ്ങിയ ബോബിയെ കാണാനില്ലെന്ന് സ്കൂൾ വിദ്യാർഥികളായ മക്കളാണ് പിതാവ് ഷിജുവിനെ ആദ്യം വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ വനാതിർത്തിയോട് ചേർന്ന് കൊക്കോ തോട്ടത്തിൽ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും വളർത്തു പശുവിന്റെ ജഢവും കണ്ടെത്തുകയായിരുന്നു. കടുവ പോലുളള വന്യമൃഗം പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായത് എങ്കിലും ബോബിയുടെ ശരീരത്തിലും പശുവിനെ ജഡത്തിലും കാര്യമായ പരുക്കുകൾ ഒന്നും ഇല്ലായിരുന്നു