ബിലാസ്പുർ: ഛത്തീസ്ഗഢിൽ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഒടുവിൽ ജയിൽ മോചനം. ശനിയാഴ്ച വൈകീട്ട് 3.40ഓടെയാണ് ഛത്തീസ്ഗഢിലെ ദുർഗ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. പൊലീസ് സംരക്ഷണത്തോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇരുവരെയും കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എംപിമാരും മറ്റു രാഷ്ട്രീയ നേതാക്കളും ചേർന്ന് സ്വീകരിച്ചു.
മലയാളികളായ സിസ്റ്റർ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവർക്ക് ബിലാസ്പുരിലെ എൻ.ഐ.എ കോടതി ശനിയാഴ്ച രവിലെയാണ് ജാമ്യമനുവദിച്ചത്. ഒമ്പത് ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം.
മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്. ബിലാസ്പുർ എൻ.ഐ.എ പ്രത്യേക കോടതിയിലെ വാദത്തിനിടയിൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷന് എതിര്‍ത്തെങ്കിലും കോടതി തള്ളിക്കളഞ്ഞു. ജാമ്യം ലഭിച്ചതോടെ കന്യാസ്ത്രീകൾക്ക് കേരളത്തിലേക്ക് തിരിച്ചുവരാനാകും.