കുന്ദമംഗലം: പോലീസിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. പതിമംഗലം സ്വദേശി പി.കെ ബുജൈറിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ നിധിനും സംഘവും അറസ്റ്റ് ചെയ്ത്. ഇയാൾ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ചൂലാംവയൽ ആമ്പ്രമ്മൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു.
ആമ്പ്രമ്മൽ സ്വദേശി റിയാസുമായി സ്ഥിരമായി ബുജൈർ ലഹരി ഇടപാട് നടത്തുന്നതായി വിവരം ലഭിച്ചിരുന്നുവെന്ന് കുന്ദമംഗലം പോലീസ് പറഞ്ഞു. റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തങ്കിലും മയക്കുമരുന്ന് ലഭിക്കാത്തതിനാൽ നോട്ടീസ് നൽകി വിട്ടയച്ചു. ബുജൈറിൻ്റെ കൈയിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസിനെ ആക്രമിച്ചതിനാണ് നിലവിൽ ഇയാൾക്കെതിരെ കേസെടുത്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും