ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു. മകൻ ഹേമന്ത് സോറനാണ് മരണവിവരം അറിയിച്ചത്. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ അധ്യക്ഷൻ കൂടിയാണ് 81കാരനായ ഷിബു സോറൻ.
ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ കഴിഞ്ഞ ഒരു മാസമായി വെന്റിലേറ്റർ പിന്തുണയിൽ അദ്ദേഹം ചികിക്തയിലായിരുന്നു. ജൂൺ അവസാനത്തോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഷിബു സോറൻ സജീവ രാഷ്ടീയത്തിൽ ഉണ്ടായിരുന്നില്ല. ഹേമന്ത് സോറനാണ് പാർട്ടിയെ നയിച്ചിരുന്നത്.
വിവിധകാലഘട്ടങ്ങളിലായി മൂന്ന് തവണ ഷിബു സോറൻ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിപദം വഹിച്ചത്. കേന്ദ്രമന്ത്രിസ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. നാല് പതിറ്റാണ്ട് കാലമാണ് ഝാർഖണ്ഡ് മുക്തിമോർച്ചയെന്ന പാർട്ടിയെ ഷിബു സോറൻ നയിച്ചത്.
1987ൽ പാർട്ടിയുടെ നേതൃസ്ഥാനമേറ്റെടുത്ത ഷിബു സോറൻ. 2025 വരെ പാർട്ടിയെ നയിച്ചു. പ്രത്യേക ഝാർഖണ്ഡ് സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ ഷിബു സോറൻ ഉണ്ടായിരുന്നു. 2005 മാർച്ചിൽ മുഖ്യമന്ത്രിയായ അദ്ദേഹം കേവലം പത്ത് ദിവസത്തേക്കാണ് കസേരയിലിരുന്നത്.
പിന്നീട് 2008 ആഗസ്റ്റ് മുതൽ 2009 മുതൽ ജനുവരി വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. 2009 ഡിസംബർ മുതൽ 2010 വരെയും അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നിട്ടുണ്ട്.