റിയാദ്: തായ്‌ലൻഡിൽ നിന്ന് മൂന്ന് കിലോഗ്രാം ഹാഷിഷുമായി ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ നർകോട്ടിക്സ് കൺട്രോൾ വിഭാഗം പിന്തുടർന്ന് അറസ്റ്റ് ചെയ്തു. കൂടാതെ, ഇയാളെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ നാല് മലയാളികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉംറ വിസയിൽ തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയതായിരുന്നു ഇയാൾ.
ഇമിഗ്രേഷനും ലഗേജ് പരിശോധനയും കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തെത്തിയ യുവാവിനെ നർകോട്ടിക്സ് കൺട്രോൾ വിഭാഗം രഹസ്യമായി നിരീക്ഷിച്ച ശേഷം വഴിയിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്വീകരിക്കാൻ എത്തിയ മറ്റ് നാല് മലയാളികളും ഇതിനിടെ പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
സഊദി അറേബ്യയിൽ ലഹരിക്കടത്ത് വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. മയക്കുമരുന്നിനും ലഹരിവസ്തുക്കൾക്കുമെതിരെ രാജ്യം കർശനമായ നടപടികൾ സ്വീകരിച്ച് ശക്തമായ പോരാട്ടം നടത്തിവരികയാണ്.