റിയാദ്:വിസ ക്യാൻസല്‍ ചെയ്ത് സൗദി അറേബ്യയില്‍നിന്ന് തിരികെ പോകുന്നവരെ ഫൈനല്‍ എക്സിറ്റില്‍ പോകുന്നവരെന്നാണ് പറയാറുള്ളത്. അത്തരത്തില്‍ തിരികെ സ്വരാജ്യത്തേക്ക് പോകുന്നവർ നിശ്ചിതസമയത്തിനുള്ളില്‍ സൗദി വിട്ടുപോയില്ലെങ്കില്‍ ഹുറൂബിലാക്കിയവരുടെ പട്ടികയില്‍ ഉള്‍പ്പെടും. സ്പോണ്‍സറെ വിട്ടു ഒളിച്ചോടിപ്പോയവരെയാണ് ഹുറൂബിലായവരെന്ന് പറയാറുള്ളത്. മുൻകാലങ്ങളില്‍ ഫൈനല്‍ എക്സിറ്റ് വിസ നേടിയ തീയതി മുതല്‍ രണ്ടുമാസം വരെ സൗദിയില്‍ തങ്ങാനുള്ള അനുമതി ഉണ്ടായിരുന്നു. 60 ദിവസത്തിനുള്ളില്‍ ഇവർക്ക് നാട്ടിലേക്കു തിരികെ പോയാല്‍ മതിയായിരുന്നു. എന്നാല്‍ അടുത്തിടെ നിലവില്‍വന്ന പരിഷ്കരിച്ച നിയമം അനുസരിച്ചു എക്സിറ്റ് വിസ ലഭ്യമാകുന്ന സമയത്തു രണ്ടുമാസത്തിനു താഴെയാണ് കാലാവധി ഉള്ളതെങ്കില്‍ ഇക്കാമയില്‍ ഉള്ള തീയതി വരെ മാത്രമേ സൗദിയില്‍ തങ്ങുവാൻ അനുമതി ഉണ്ടാവുകയുള്ളൂ. അതിനുള്ളില്‍ സൗദി വിട്ടുപോകണം. പരിഷ്ക്കരിച്ച നിയമത്തെ കുറിച്ച് ശരിയായ അവബോധമില്ലാത്ത പലരും ഇക്കാമയില്‍ കാലാവധി ഇല്ലാതെ രണ്ടുമാസംവരെ സൗദിയില്‍ തങ്ങിയതുകാരണം നാട്ടില്‍ പോകാനാവാതെ വിമാനത്താവളത്തില്‍നിന്ന് തിരിച്ചു വന്നുവെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. പലരും ഹുറൂബില്‍ അകപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം. ഒരു തൊഴിലാളി ജോലി അവസാനിപ്പിച്ച് സൗദിയില്‍നിന്ന് എക്സിറ്റ് അടിച്ചു പോകണമെങ്കില്‍ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധി വേണമെന്നതാണ് സൗദി ജവാസാത്ത് ആവശ്യപ്പെടുന്നത്.