തൃശൂർ.പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. നാലാഴ്ചത്തേക്കാണ് ഹൈക്കോടതി ടോൾ പിരിവ് മരവിപ്പിച്ചത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിച്ചാണ് നടപടി. ഗതാഗതക്കുരുക്ക് മൂന്നാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെ ഹർജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിൽ ദേശീയപാത അതോറിറ്റിയെ കേരള ഹൈക്കോടതി വിമർശിച്ചിരുന്നു. ഗതാഗതക്കുരുക്ക് എന്നു പരിഹരിക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാവുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പു നൽകി. ഗതാഗത കുരുക്ക് തുടരുമ്പോഴും ടോൾ പിരിക്കുന്നുവെന്നതാണ് പ്രശ്നമെന്ന് കോടതി വിമർശിച്ചു.യാത്രക്കാരാണ് ബാധ്യത ഏൽക്കേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് നാലാഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.
ടോൾ നൽകുന്ന ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ദേശീയപാത അധികൃതർക്ക് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു