തൃശൂർ∙ കോടാലി സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. സ്കൂൾ അവധിയായതിനാൽ വൻ അപകടം ഒഴിവായി. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ് തകർന്നു വീണത്. ഫാനുകളും കസേരകളും നശിച്ചു. പുലർച്ചെയായിരുന്നു അപകടം.
54 ലക്ഷംരൂപ ചെലവിൽ 2023ലാണ് ഹാൾ ഉദ്ഘാടനം ചെയ്തത്. എംഎൽഎയുടെ ആസ്ഥിവികസന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. അശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്നും, നേരത്തെ തകരാറുകൾ ചൂണ്ടിക്കാട്ടിയതാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാസം 31ന് പിടിഎ യോഗത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു.
കനത്ത മഴയെ തുടർന്ന് തൃശൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കണ്ണൂരിൽ കോളജുകളും പ്രഫഷനൽ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അവധി നൽകിയ കലക്ടർക്ക് നന്ദി അറിയിച്ചാണ് രക്ഷിതാക്കൾ പ്രദേശത്തുനിന്ന് മടങ്ങിയത്