തിരുനെല്ലി: അരണപ്പാറയിൽ മാനിന്റെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളിമുക്ക് ചോലയങ്ങാടി കുന്നിയിൽ ലക്ഷ്മിക്കാണ് (80) പരിക്കേറ്റത്.
ഇന്ന് രാവിലെ 8:30-ഓടെ വീടിന്റെ മുറ്റത്ത് തുണി വിരിക്കുകയായിരുന്ന ലക്ഷ്മിയെ പാഞ്ഞുവന്ന ഒരു മാനിടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ ലക്ഷ്മിയുടെ തുടയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു.
വിവരമറിഞ്ഞെത്തിയ തിരുനെല്ലി വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ലക്ഷ്മിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷ്മി ഇപ്പോൾ ചികിത്സയിലാണ്.
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും, മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Share