കോഴിക്കോട്: 2026 ലെ ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് ഇതുവരെ 23,630 പേരാണ് ഹജ്ജിന് അപേക്ഷ നല്‍കിയിട്ടുള്ളത്.
ഇതില്‍ 65 വയസ് പൂര്‍ത്തിയായ റിസര്‍വ് കാറ്റഗറിക്കാര്‍ 4696 പേരുണ്ട്. 3142 പേര്‍ പുരുഷ തുണയില്ലാത്ത സ്ത്രീകളും, 854 പേര്‍ 2025ലെ അപേക്ഷകരില്‍ നിന്ന് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
ജനറല്‍ വിഭാഗത്തില്‍ 15,733 അപേക്ഷകരാണുള്ളത്. കൊച്ചി എമ്പാര്‍ക്കേഷനിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ (15,617) ലഭിച്ചത്. കണ്ണൂരില്‍ 7671, കോഴിക്കോട് 1628 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകളുടെ എണ്ണം. അപേക്ഷകള്‍ സൂക്ഷമമായി പരിശോധിച്ച് കവര്‍ നമ്പര്‍ അനുവദിക്കുന്ന പ്രവൃത്തികള്‍ ഹജ്ജ് ഹൗസില്‍ പുരോഗമിക്കുകയാണ്.
ആഗസ്റ്റ് 12ന് മുന്‍പായി നറുക്കെടുപ്പ് പൂര്‍ത്തിയാക്കും. കഴിഞ്ഞ വര്‍ഷം 16450 പേര്‍ക്കാണ് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്. ഇത്തവണ അപേക്ഷകള്‍ വര്‍ധിച്ചതിനാലും, 2025ല്‍ അവസരം ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനാലും സംസ്ഥാനത്തിന് കൂടുതല്‍ ക്വാട്ട ലഭിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. കേരളത്തിലെ 14 ജില്ലകളിലായി ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭൂരിപക്ഷ അപേക്ഷകളും സമര്‍പ്പിച്ചത്.