കോഴിക്കോട്: തെങ്ങോളം പൊക്കത്തിൽ കുതിച്ച തേങ്ങ വില താഴുന്നു. ജൂൺ മാസത്തിൽ 79 ആയിരുന്ന തേങ്ങയ്ക്ക് ഇന്നലെ വില 63 രൂപ. കഴിഞ്ഞ നാല് ദിവസത്തിനിടെ വിപണിയിൽ എട്ട് രൂപയുടെ കുറവാണുണ്ടായത്. സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസവാർത്തയാണെങ്കിലും ഓണം വിപണി മുന്നിൽകണ്ട് തേങ്ങ സംഭരിച്ച വിൽപ്പനക്കാർക്ക് തിരിച്ചടിയാവുകയാണ് വിലയിടിവ്.
ഫെബ്രുവരിയിൽ 50 രൂപയായിരുന്ന പച്ചതേങ്ങയുടെ വില മൂന്ന് മാസം കൊണ്ടാണ് 80 രൂപയോളമെത്തിയത്. ചില്ലറ വിൽപന 83 രൂപ കടന്നിരുന്നു. തേങ്ങ കിട്ടാനില്ലാത്തതായിരുന്നു വിലക്കയറ്റത്തിന്റെ പ്രധാന കാരണം. കർണാടകയിലും തമിഴ്നാട്ടിലും വ്യാപകമായ ഡെസിക്കേറ്റഡ് കോക്കനട്ട് ഉത്പന്നങ്ങൾക്കായി കേരളത്തിൽ നിന്ന് തേങ്ങ കയറ്റിയയക്കുന്നത് പതിവായിരുന്നു. കർണാടകയിൽ വിളവെടുപ്പ് കാലമായതോടെ തേങ്ങയുടെ കയറ്റുമതി കുറഞ്ഞതാണ് വിപണിയിലെ വിലയിടിവിന് കാരണമെന്ന് വടകര കോക്കനട്ട് കമ്പനി ചെയർമാൻ ഇ.ശ്രീധരൻ പറഞ്ഞു.
പച്ചത്തേങ്ങയുടെ വില 100 രൂപവരെയാകുമെന്ന് വരെ പ്രചാരണമുണ്ടായിരുന്നു. ഇത് വിശ്വസിച്ച് ഓണം വിപണി കൂടി തേങ്ങ സംഭരിച്ച ചെറുകിട വിൽപനക്കാർ നിരവധിയാണ്. പെട്ടെന്നുള്ള വിലയിടിവ് ഇവരെ സാരമായി ബാധിക്കും. കർണാടയിൽ ഉൽപാദനം വർദ്ധിച്ചതിനാൽ ഇനിയും വില കുറയാനാണ് സാദ്ധ്യത