ലയണൽ മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്പോർട്സ് മന്ത്രി വി.അബ്ദുറഹ്മാൻ സ്പെയിൻ സന്ദർശിച്ചത് വിവാദത്തിൽ. സ്പെയിൻ യാത്രക്കായി സർക്കാർ ഖജനാവിൽ നിന്ന് ഏകദേശം 13 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ യാത്രയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഈ വർഷം മെസ്സി കേരളത്തിൽ എത്തില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
പിസി ന്യൂസ് വാർത്ത,
മെസ്സിയെയോ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പ്രധാന ഭാരവാഹികളെയോ കാണാൻ മന്ത്രിക്ക് സാധിച്ചിട്ടില്ല എന്നാണ് വിവരം. യാത്രക്കായി സർക്കാർ ഒരു രൂപപോലും ചെലവാക്കിയിട്ടില്ലെന്ന മന്ത്രിയുടെ മുൻ പ്രസ്താവനയെ ഇത് ഖണ്ഡിക്കുന്നു. സ്പോർട്സ് മന്ത്രിക്ക് പുറമെ, കായിക വകുപ്പ് സെക്രട്ടറിയും കായിക-യുവജനകാര്യ ഡയറക്ടറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
മെസ്സിയെയും അർജന്റീനിയൻ ടീമിനെയും 2025-ൽ കേരളത്തിൽ എത്തിക്കുമെന്ന് മന്ത്രി 2024-ൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി അർജന്റീന ഫുട്ബോൾ ഫെഡറേഷനുമായി ചർച്ച നടത്തിയതായും, കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അവർക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന്റെ കായിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിസി ന്യൂസ് വാർത്ത,
മെസ്സിയെയും ടീമിനെയും കേരളത്തിൽ എത്തിക്കാൻ ഏകദേശം 100 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിരുന്നു. തുടർന്ന്, 2024 നവംബറിൽ ഈ വർഷം ഒക്ടോബർ 25-ന് അവർ കേരളത്തിൽ എത്തുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോൺസർമാരാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, സ്പോൺസർമാർ നിശ്ചിത സമയത്ത് പണം നൽകാത്തതിനാൽ അർജന്റീന ടീം കേരളത്തിനു പകരം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര മാറ്റി. പലതവണ സമയം നീട്ടി നൽകിയിട്ടും പണം അടയ്ക്കാത്തതിനെ തുടർന്ന് സർക്കാർ കമ്പനിക്ക് നോട്ടീസ് നൽകി. ഒടുവിൽ പണം അടച്ചെങ്കിലും, അപ്പോഴേക്കും അർജന്റീന തങ്ങളുടെ സൗഹൃദ മത്സരങ്ങൾ ചൈനയിലും ഖത്തറിലും അങ്കോളയിലുമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഈ വിഷയത്തിൽ, അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്പോൺസർമാരും തമ്മിൽ നിലപാടുകളിൽ വ്യത്യാസമുണ്ടെന്ന് മന്ത്രി പറയുന്നു. ഒക്ടോബറിൽ കേരളത്തിൽ വരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അർജന്റീന അറിയിച്ചപ്പോൾ, ഒക്ടോബറിൽ വന്നാൽ മാത്രമേ തങ്ങൾക്ക് താൽപര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം ഒക്ടോബറിൽ അർജന്റീന കേരളത്തിൽ എത്തില്ലെന്ന് മന്ത്രി തന്നെ ഇപ്പോൾ സ്ഥിരീകരിച്ചതോടെയാണ് ഈ വിവാദങ്ങൾ കൂടുതൽ ശക്തമായത്.