കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 2026 ഹജ്ജിന് അപേക്ഷിച്ചത് 25,437 പേർ. കഴിഞ്ഞ മാസം ഏഴു മുതൽ ആരംഭിച്ച അപേക്ഷാ സ്വീകരണം ഇന്നലെയാണ് അവസാനിച്ചത്. അപേക്ഷകരിൽ 4956 പേർ 65 വയസ് പൂർത്തിയായ റിസർവ്ഡ് കാറ്റഗറിയിലും 3379 പേർ പുരുഷ തുണയില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും 892 പേർ 2025 വർഷത്തെ അപേക്ഷകരിൽ കാത്തിരിപ്പ് പട്ടികയിൽനിന്ന് അവസരം ലഭിക്കാത്തവരുമാണ്. ഈ മൂന്ന് വിഭാഗങ്ങൾക്കും നറുക്കെടുപ്പിൽ മുൻഗണന ലഭിക്കും.
16,210 പേരാണ് ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടത്. നറുക്കെടുപ്പ് 12നു ഡൽഹിയിൽ നടക്കും. കേരളത്തിന് ഹജ്ജ് ക്വാട്ട പതിനായിരം ലഭിച്ചാൽ ജനറൽ വിഭാഗത്തിലായിരിക്കും നറുക്കെടുപ്പുണ്ടാവുക. അപേക്ഷകളിൽ സൂക്ഷമ പരിശോധന നടത്തി കവർ നമ്പർ അനുവദിക്കുന്ന നടപടികൾ ഹജ്ജ് ഹൗസിൽ നടന്നുവരികയാണ്. അവധി ദിവസങ്ങളിലുൾപ്പടെ ഹജ്ജ് ഹൗസ് പ്രവർത്തിക്കുന്നുണ്ട്.
അവസരം ലഭിച്ചവർ 1,52,300 രൂപ ഒന്നാംഘട്ട പണം ഈ മാസം 20നുള്ളിൽ അടക്കണം. മുൻ വർഷത്തെ അപേക്ഷിച്ച് അപേക്ഷരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ട്. കഴിഞ്ഞ വർഷം 20, 636 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ 16,400 പേർക്ക് അവസരം ലഭിച്ചു. ഈ വർഷം അവസരം ലഭിക്കാത്തവർക്ക് 2026ൽ പരിഗണന നൽകുന്നത് തീർഥാടകർക്ക് ഏറെ സഹായകരമാവും.
അഞ്ചു വർഷം തുടർച്ചയായി അപേക്ഷിക്കുന്നവർക്ക് തൊട്ടടുത്ത വർഷം അവസരം നൽകുന്ന രീതി നേരത്തെയുണ്ടായിരുന്നു.