കൊല്ലം:കോടതി പരിസരത്ത് വിചരണയ്ക്ക് എത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പൊലീസ് പിടിയിലായി. ഓച്ചിറ അമ്പലശ്ശേരിയില്‍ അമ്പാടി(24), മരുതെക്ക് റോഷന്‍ (38), ഓച്ചിറ അനന്തകൃഷ്ണന്‍ (24), ഓച്ചിറ കൊച്ചുപുര കിഴക്കതില്‍ അജിത്ത് (28), മഠത്തില്‍ കാരായ്മ ഹരികൃഷ്ണന്‍ (26), മഠത്തില്‍ കാരായ്മ ദിപിന്‍ (26), മണപ്പള്ളിയില്‍ മനോഷ് (36), വള്ളികുന്നത്ത് അഖില്‍ (26) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ജൂലൈ 28ന് കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്കായി എത്തിച്ച സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുല്‍, മനു എന്നിവരുടെ വീഡിയോ ദൃശ്യങ്ങള്‍ ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പകര്‍ത്തുകയും നിരോധിത ഉത്പന്നങ്ങള്‍ വിചാരണ തടവുകാര്‍ക്ക് പ്രതികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ റീല്‍സായി സമുഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കിയെന്ന കരുനാഗപ്പള്ളി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന ഐ പി എസിന്റെ നിര്‍ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ഷമീര്‍, അഷിഖ്, ആദര്‍ശ്, എസ് സി പി ഒ ഹാഷിം, സി പി ഒ പ്രശാന്ത്, എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.