കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ മണിക്കൂറുകൾക്കുള്ളിൽ മൂന്ന് മാലപൊട്ടിച്ച കള്ളനായി വലവിരിച്ച് പൊലീസ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിൽ വ്യത്യസ്ത ഇടങ്ങളിലായിരുന്നു മോഷണം. മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങൾ ന്യൂ മാഹി പൊലീസ് പുറത്തുവിട്ടു. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടർ, മുഖം തിരിച്ചറിയാതിരിക്കാൻ ഹെൽമെറ്റ്, ചൊവ്വാഴ്ച മണിക്കൂറുകൾക്കിടെ തലശ്ശേരിയിലെ വിവിധ ഇടങ്ങളിൽ നിന്നായി കള്ളൻ പൊട്ടിച്ചെടുത്തത് മൂന്ന് സ്ത്രീകളുടെ ആഭരണങ്ങളാണ്. പകൽ വെളിച്ചത്തിലാണ് ഇരയെ തേടിയുള്ള ബൈക്കിലെ കറക്കം.
റോഡിലൂടെ വേഗത്തിലെത്തും. ലക്ഷ്യം വച്ചയാളോട് എന്തെങ്കിലും ചോദിച്ച് ശ്രദ്ധ തിരിക്കും. പിന്നാലെ മോഷണം നടത്തുന്നതാണ് രീതി. നഷ്ടപ്പെട്ടതിൽ 350 രൂപയുടെ മുക്കുപണ്ടവുമുണ്ട്. പിടിവലിക്കിടെ പരിക്കേറ്റവരുമുണ്ട്. സെയ്ദാർ പള്ളി, കോടിയേരി, കതിരൂർ എന്നിവിടങ്ങളിലായിരുന്നു മോഷണം. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ് ഒറ്റ ദിവസം കള്ളൻ തട്ടിപ്പറിച്ചെടുത്തത്.
മാല പോയവർ തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നേരത്തെ സ്വർണ്ണമാല പിടിച്ചുപറിച്ച കേസിലെ പ്രതിയാണ് തലശ്ശേരിയിലും സ്കൂട്ടറിൽ ഓടിനടന്ന് മോഷണം നടത്തിയതെന്നാണ് നിഗമനം