മലപ്പുറം: തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സഹോദരങ്ങളായ നാലു പേരെയാണ് കസ്റ്റഡിയിലെടുത്തത്. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് ഇവരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. വാഹനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വാടിക്കലിൽ വെച്ച് യുവാവ് കുത്തേറ്റ് മരിച്ചത്. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് മരിച്ചത്. വാടിക്കലിൽ എത്തിയ തുഫൈലുമായി പ്രദേശത്തുള്ള ചിലർ ആദ്യം സംസാരിക്കുകയും പിന്നീടത് തർക്കത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ കൂട്ടത്തിലൊരാൾ തുഫൈലിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റതിന് പിന്നാലെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.