കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് വയനാട്ടിൽ വാങ്ങിയ ഭൂമി നിയമക്കുരുക്കിലേക്ക്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോടുള്ള 11.27 ഏക്കറിൽ ഒരു ഏക്കർ ഒഴികെ മറ്റെല്ലാം തോട്ടഭൂമിയാണെന്നും ഇതു തരംമാറ്റിയെന്നുമുള്ള പരാതിയാണ് ഉയർന്നത്. ഇതു സംബന്ധിച്ച് നേരത്തേ തൃക്കൈപ്പറ്റ വില്ലേജ് ഓഫിസർ പരിശോധന നടത്തുകയും താലൂക്ക് ലാൻഡ് ബോർഡിന് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട കെ.എൽ.ആർ സെക്ഷൻ 105 പ്രകാരം വൈത്തിരി താലൂക്ക് സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭൂമി വിൽപന നടത്തിയവർക്കും വാങ്ങിയവർക്കും ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
തോട്ടം ഭൂമി തരംമാറ്റിയെന്നും അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും കാണിച്ചാണ് ലീഗിന് ഭൂമി കൈമാറിയ സ്ഥലമുടമകളായ അഡ്വ. കല്ലങ്കോടൻ മൊയ്തു, സുനിൽ, ഷംജിത്, ഷംജിതിന്റെ ബന്ധുക്കൾ എന്നിവർക്ക് നോട്ടീസ് നൽകിയത്. ഇതനുസരിച്ച് അഡ്വ. കല്ലങ്കോടൻ മൊയ്തു ഹിയറിങ്ങിന് ഹാജരായിരുന്നു. താൻ വിൽക്കുമ്പോൾ ഭൂമി തോട്ടഭൂമിയാണെന്നാണ് ഇദ്ദേഹം നൽകിയ മൊഴിയെന്നാണ് സൂചന