തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. ടിഷ്യൂ മോസിലേറ്റർ' എന്ന ഉപകരണമാണ് കണ്ടെത്തിയത്. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരാമർശിച്ചിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമെന്നും, ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതരുടെ ലക്ഷ്യം വേറെ എന്നും ഡോ. ഹാരിസ് പറഞ്ഞു. KGMCTA ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, ഡോക്ടര്‍ ഹാരിസിന്‍റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവരല്ലാതെ മറ്റാരും മുറിയിൽ കയറിയിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോക്ടർ പി കെ ജബ്ബാർ വ്യതമാക്കി. മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണ്. ഇന്ന് പരിശോധന പൂർത്തിയാക്കിയാൽ താക്കോൽ ഡോക്ടർ ഹാരിസിനോ അദ്ദേഹത്തിന്‍റെ അസിസ്റ്റന്റിനോ കൈമാറും. ഇന്ന് പരിശോധന പൂർത്തിയാകും എന്നും പ്രിൻസിപ്പൽ പ്രതികരിച്ചു.