മലപ്പുറം: ഷെയർ മാർക്കറ്റ് ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം കവർന്ന കേസിൽ പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം പേരൂർക്കട സ്വദേശി സൂരജ് എബ്രഹാം (23), പാച്ചല്ലൂർ സ്വദേശി സുല്‍ഫിക്കർ (23) എന്നിവരാണ് പിടിയിലായത്. 2024 ഡിസംബറില്‍ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെട്ട പ്രതികള്‍ പരാതിക്കാരനായ മക്കരപ്പറമ്പ് സ്വദേശിയുടെ പക്കല്‍ നിന്നും ബാങ്ക് ട്രാൻസ്‌ഫർ വഴി പലതവണകളായി 15 ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് പിടിയിലായത്.
ട്രേഡിംഗിൽ നിന്നും ലഭിച്ച ലാഭം കൊടുക്കുകയോ പണം തിരിച്ചു കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇരുവരും ചേർന്ന് കരമനയില്‍ കെട്ടിടം വാടകയ്ക്കെടുത്താണ് തട്ടിപ്പ് നടത്തിയത്. കൂടുതല്‍ പേർ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 150 ഓളം സിം കാർഡുകളും 50 ഓളം എടിഎം കാർഡുകളും പാസ് ബുക്കുകളും ചെക്ക് ബുക്കുകളും പേടിഎമ്മിന്റെ ക്യു ആർ കോഡ് സ്‌കാനർ മെഷീനുകളും നോട്ടെണ്ണുന്നതിനുള്ള കൗണ്ടിംഗ് മെഷീനുകളും പിടിച്ചെടുത്തു.
വിവിധ ജില്ലകളില്‍ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേരളത്തിന് പുറമെ കർണാടകയിലും ഇവർക്കെതിരെ കേസുകളുള്ളതായാണ് വിവരം. സുഹൃത്തുക്കളുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയായിരുന്നു ഇവരുടെ തട്ടിപ്പ്. പണം നൽകുന്നവരുടെ എ ടി എം കാർഡ് ഉള്‍പ്പെടെ കൈക്കലാക്കിയ ശേഷം പ്രതിഫലമായി 3000 രൂപ വരെ നല്‍കും. പണം പിൻവലിക്കുമ്പോള്‍ മെസേജ് ചെല്ലാതിരിക്കാൻ അക്കൗണ്ട് തുറക്കുമ്പോള്‍ കൊടുക്കുന്ന മൊബൈല്‍ നമ്പർ ഇവർ മാറ്റും.