കൽപ്പറ്റ: കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും ഓഗസ്ത് 11 ( തിങ്കളാഴ്ച ) രാവിലെ 10.30ന് സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയിൽ കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില നൽകുക, കർഷക പെൻഷൻ കുടിശ്ശിഖ തീർത്ത് വിതരണം ചെയ്യുക, രാസവള ക്ഷാമം പരിഹരിക്കുകയും വില കുറക്കുകയും ചെയ്യുക, ക്ഷീര കർഷകരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഇരുപത് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ജില്ലാ പ്രവർത്തക സമിതി യോഗം സമര പരിപാടികൾക്ക് അന്തിമ രൂപം നൽകി. വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മായൻ മുതിര, കെ.ടി.കുഞ്ഞബ്ദുല്ല, അലവി വടക്കേതിൽ, സി.മുഹമ്മദ്, അബുബക്കർ തന്നാണി, ഷംസുദ്ദീൻ ബിദർക്കാട്, സലീം കേളോത്ത്, പി.കെ.മൊയ്തീൻ കുട്ടി, എം.എം. ഹുസൈൻ, കുഞ്ഞി മുഹമ്മദ് പറമ്പൻ, ആർ.പി. അസ്‌ലം തങ്ങൾ പ്രസംഗിച്ചു.
കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കൺവൻഷനുകൾ ചേർന്ന് സമര പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു