കോഴിക്കോട്∙ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയായ കോഴിക്കോട് വെങ്ങളം സ്വദേശി ഖുൽഫി യാസിൻ എന്ന മുഹമ്മദ് യാസിനെ (29) പൊലീസ് പിടികൂടി. എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് യാസിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെ മടിവാള കേന്ദ്രീകരിച്ചാണ് ഇയാൾ ലഹരി കച്ചവടം നടത്തിയിരുന്നത്.
ബെംഗളൂരുവിൽ നിന്നും കോഴിക്കോട് നഗരത്തിൽ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയായ അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിനെ (26) കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചതിൽ നിന്നാണ് യാസിനിലേക്ക് അന്വേഷണം നീണ്ടത്.
മടിവാളയിൽ യാസിൻ താമസിക്കുന്ന അപ്പാർട്മെന്റിന് സമീപത്തുവച്ചാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. മുംബൈ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള നൈജീരിയൻ സംഘങ്ങളിൽ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിൻ, ബ്രൗൺഷുഗർ എന്നിവ മൊത്തമായി വാങ്ങി വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി.
നിരവധി മലയാളി വിദ്യാർഥികൾ താമസിക്കുന്ന മടിവാള കേന്ദ്രീകരിച്ച് കഴിഞ്ഞ 7 വർഷത്തോളമായി പ്രതി ലഹരിമരുന്ന് വിതരണം നടത്തിയിരുന്നു. കൂടാതെ ജോലിക്കായും മറ്റും ബെംഗളൂരുവിൽ എത്തുന്ന നിരവധി സ്ത്രീകളെയും യുവാക്കളെയും ഉപയോഗിച്ച് ലഹരിമരുന്ന് ചില്ലറ വിൽപന നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു