ഒഡീഷയിലെ ജലേശ്വറിൽ ബജ്റങ്ദള്‍ ആക്രമണത്തിന് ഇരയായ മലയാളി വൈദികരും കന്യാസ്ത്രീകളും പൊലീസിൽ പരാതി നൽകില്ല. എന്നാൽ സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊലീസിനെ അറിയിക്കുമെന്ന് ബാലസോർ രൂപതയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. മർദനത്തിൽ പൊലീസിൽ പരാതി നൽകുമെന്നാണ് സിബിസിഐ അടക്കം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഗംഗാധർ ഗ്രാമത്തിൽ ഒരു ക്രൈസ്തവ കുടുംബത്തിൽ ആണ്ടുകുർബാനയ്ക്ക് പോയി മടങ്ങുംവഴി വൈദികരെയും കന്യാസ്ത്രീകളെയും മർദിച്ചത്. ഫാ. ലിജോ നിരപ്പേൽ, ഫാ. വി. ജോജോ, സിസ്റ്റർമാരായ എലേസ ചെറിയാൻ, മോളി ലൂയിസ് എന്നിവരെയാണ് എഴുപതംഗ സംഘം മതപരിവർത്തനം ആരോപിച്ച് ആക്രമിച്ചത്.
രാജ്യത്ത് മതസഹിഷ്ണുത കുറഞ്ഞുവരുന്നതായി സിബിസിഐയുടെ വിമർശനം. ഒഡീഷയിലെ തുടർനീക്കങ്ങൾ നിരീക്ഷിക്കുന്നുവെന്നും സിബിസിഐ പ്രതിനിധികൾ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ക്രിസ്ത്യൻ വിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി എംഎൽഎ ഗോപിചന്ദ് പഡൽക്കറിനനെതിരെ മുംബൈ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയെത്തി.
മതപരിവർത്തനം നടത്തുന്ന വൈദികരെയും പാസ്റ്റർമാരെയും ആക്രമിക്കുന്നവർക്കും കൊലപ്പെടുത്തുന്നവർക്കും പ്രതിഫലം നൽകുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെയാണ് ഹർജി നൽകിയത്. എംഎൽഎക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിട്ടും സർക്കാർ കേസെടുത്തില്ലെന്ന് ഹർജിക്കാരൻ പറഞ്ഞു.