കൊച്ചി: വിലിയിടിവ് പ്രതിസന്ധിയില്‍ റമ്പൂട്ടാന്‍ കര്‍ഷകര്‍. കിലോയ്ക്ക് നൂറ്റമ്പത് രൂപക്ക് മുകളില്‍ വില ലഭിച്ചിരുന്നു. ഇപ്പോൾ അന്‍പതു രൂപക്ക് പോലും പഴം എടുക്കാനാളില്ലാത്ത സ്ഥിതിയാണ്. കൃഷിയിടങ്ങളിലെ മരങ്ങളുടെ എണ്ണം കണക്കാക്കിയാണ് കരാറിലെത്തുന്നത്. വിപണിയിലെ മല്‍സരം മൂലം മികച്ച വില ലഭിച്ചിരുന്നു. ഈ വര്‍ഷം അപ്രതീക്ഷിതമായി ആപ്പിള്‍ വിപണി സജീവമായതിന് പിന്നാലെ വിലക്കുറവിന് അമേരിക്കൻതീരുവ പ്രതിസന്ധിയും വന്നതാണ് റമ്പൂട്ടാനെയും ചതിച്ചത്.
വിവിധയിനം മാമ്പഴങ്ങളും വിപണിയിൽ എത്തിയതോടെ റമ്പൂട്ടാൻ വിലയിടിവ് നേരിടുകയാണ്. കരാർ ഉറപ്പിച്ച വ്യാപാരികള്‍ പോലും പഴം ശേഖരിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കി. വിളവെടുപ്പിന് ശേഷം മരംവെട്ടി നിര്‍ത്തിയാല്‍ മാത്രമേ അടുത്തവര്‍ഷം ഫലം ലഭിക്കുകയുള്ളൂ. മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും റമ്പൂട്ടാന് വലിയ ഡിമാന്‍ഡാണുള്ളത്.
വലിയ തുക മുടക്കിയാണ് മധ്യകേരളത്തിൽ ഉള്‍പ്പെടെ കര്‍ഷകര്‍ ഈ കൃഷിയിലേക്ക് ഇറങ്ങിയത്. പത്തു വര്‍ഷത്തിനിടെയാണ് കേരളത്തില്‍ റമ്പൂട്ടാന്‍ കൃഷി വ്യാപകമായത്. ഇടനിലക്കാരുടെ ചൂഷണവും നേരിട്ട് വിപണി കണ്ടെത്താനാവാത്തതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുകയാണ്.
പ്രതിസന്ധി രൂക്ഷമായതോടെ മുടക്ക് മുതല്‍ വേണ്ടെന്ന് വച്ച് വലിയ വിഭാഗവും വിളവെടുക്കാതെ ഉപേക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ റമ്പൂട്ടാന് ഉണ്ടായ വലിയ ഡിമാന്‍ഡ് ഉപയോഗിക്കുന്നതിലൂടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഹോട്ടികോപ്പ് വഴി ഉല്‍പന്നം ന്യായവിലക്കു സംഭരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു. ഈ ആവശ്യമുന്നയിച്ച് കൃഷിമന്ത്രിക്ക് നിവേദനം നല്‍കിയതായി കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.