കോഴിക്കോട്: കോട്ടപ്പറമ്പ് സ്വദേശിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശി രോഹിത് കുമാറിനെയാണ് (19) കസബ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ 27ന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. യുവതിയും കുടുംബവും താമസിക്കുന്ന കോട്ടപറമ്പിലെ ക്വാർട്ടേഴ്സിൽ ബലാത്സംഗം ചെയ്ത പ്രതി, ഇക്കാര്യം പുറത്തുപറഞ്ഞാൽ തന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി.
ഈ പരാതിയിൽ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടന്നറിഞ്ഞ പ്രതി കോഴിക്കോട് നിന്ന് രക്ഷപ്പെടുകയായിരുന്നു. കസബ പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരത്തുണ്ടെന്ന് മനസ്സിലാക്കി. കസബ പൊലീസ് ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിൽ എസ്.ഐ സജിത് കുമാർ, എ.എസ്.ഐ സജേഷ് കുമാർ, എസ്.സി.പി.ഒ. ദീപു എന്നിവരടങ്ങിയ സംഘം അവിടെച്ചെന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു