ദുബായ്: വിമാനത്തിലെ പവർബാങ്ക് ഉപയോഗത്തിന് എമിറേറ്റ്‌സ് എയർലൈൻസ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകുന്നവിധത്തിൽ നിയന്ത്രണം കർശനമാക്കാനാണ് തീരുമാനം.
100 വാട്ടിൽത്താഴെ ശേഷിയുള്ള ഒരു പവർബാങ്കുമാത്രം യാത്രയിൽ കരുതാം. വിമാനയാത്രയ്ക്കിടെ ഉപകരണങ്ങൾ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യരുത്. വിമാനത്തിന്റെ സോക്കറ്റിൽ പവർബാങ്ക് ചാർജ് ചെയ്യാനും പാടില്ല. കൈവശമുള്ള പവർബാങ്കിന്റെ ശേഷിയുൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണം. കൂടാതെ, വിമാനത്തിന്റെ ഓവർഹെഡ് കാബിനിൽ പവർബാങ്ക് സൂക്ഷിക്കരുത്. സീറ്റ് പോക്കറ്റിലോ സീറ്റിനടിയിൽവെക്കുന്ന ബാഗിലോ ഇവ സൂക്ഷിക്കാം. നിലവിലുള്ള നിയമപ്രകാരം ചെക്കിൻ ബാഗേജിൽ പവർബാങ്കിന് വിലക്കുണ്ട്.സമഗ്രമായ സുരക്ഷാ അവലോകനത്തിനുശേഷമാണ് പവർബാങ്കുകളുടെ കാര്യത്തിൽ എമിറേറ്റ്‌സ് നിലപാട് കർശനമാക്കിയത്. സമീപകാലങ്ങളിൽ പവർബാങ്കുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇത് ചില വിമാനങ്ങളിൽ ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങളുണ്ടാക്കിയിട്ടുമുണ്ട്.