നാദാപുരത്ത് നടുറോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. നാദാപുരം പുളിയാവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ ഉള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ജൂലൈ 30 ന് സീനിയർ വിദ്യാർത്ഥികളും ജൂനിയർ വിദ്യാർത്ഥികളും തമ്മിലുള്ള കൂട്ടത്തല്ലിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പതിവെന്നാണ് നാട്ടുകാരുടെ പരാതി. ഈ വിഷയത്തിൽ കോളേജ് അധികൃതരോ പൊലീസോ ഇടപെടുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥികളും പരാതി നല്കാൻ തയാറാകുന്നില്ല. വിദ്യാർത്ഥികളുടെ തലയ്ക്ക് ഉൾപ്പടെ മർദ്ദനമേറ്റിട്ടുണ്ട്. വായിൽ നിന്നും തലയിൽ നിന്നും ചോര വരുന്ന സാഹചര്യം വരെ ഉണ്ടാകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
വിദ്യാർത്ഥികളുടെ സംഘർഷ വിഷയവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. അതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ വാദം . രണ്ടാഴ്ച മുൻപ് നടന്ന സംഭവത്തെ തുടർന്ന് കോളേജിന്റെ പരിസരത്ത് പെട്രോളിങ്ങിനെത്തിയ പോലീസുകാരനോട് ഒരു വിദ്യാർത്ഥി തട്ടി കയറുകയും ചെയ്തിരുന്നു.
പോലീസിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഉന്തലും തള്ളലും ഉണ്ടായി. തുടർന്ന് വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മുഹമ്മദ് ആദിനാൻ (19) നെതിരെയാണ് പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് കേസെടുത്തത്.