കോറോം(വയനാട്): തൊണ്ടര്‍നാട് തൊഴിലുറപ്പ് പദ്ധതി പണംതട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ അക്കൗണ്ടകം ഐടി അസിസ്റ്റന്റായി ജോലിനോക്കിയിരുന്ന വഞ്ഞോട് വളവില്‍ വെള്ളോപ്പിള്ളി വി.സി. നിധിനെ(34)യാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച രാവിലെയോടെ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനിലെത്തിച്ച് നിധിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിധിനൊപ്പം കുറ്റാരോപിതരായ എന്‍ആര്‍ഇജിഎ അക്രെഡിറ്റഡ് എന്‍ജിനിയര്‍ ജോജോ ജോണി, അക്കൗണ്ടില്‍ പണംസ്വീകരിച്ച കരാറുകാരന്‍ നജീബ് തുടങ്ങിയവരെ പോലീസ് തിരയുകയാണ്. നിധിന്‍ അറസ്റ്റിലായതോടെ പണം തിരിമറിയിലുള്ള കൂടുതല്‍ വവിവരങ്ങള്‍ പുറത്തുവരും. പ്രധാനമായും കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷത്തിലെ കണക്കുകളിലാണ് അവ്യക്തത തുടരുന്നത്. ഇക്കാലയളവിലാണ് ഏറ്റവുംകൂടുതല്‍ ആസ്തിവികസന മെറ്റീരിയല്‍ വര്‍ക്കുകള്‍ ഇവിടെ നടന്നതും. ഈ പ്രവൃത്തികളിലെ പണമിടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സിപിഎം വളവില്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു വി.സി. നിധിന്‍. അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ച നിധിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു