വടകര:സഹകരണമേഖലയിലെ ജീവനക്കാരുടെ ആദ്യകാലസംഘാടകനും ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാര്‍ത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ. തിരുവോത്ത്(ടി. ബാലകൃഷ്ണക്കുറുപ്പ്-92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോണ്‍ഗ്രസ് നേതാവുമായിരുന്നു.
അസംഘടിതരായിരുന്ന കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംഘടിപ്പിച്ച് അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് മുന്നില്‍നിന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറിയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്നു. നിലവില്‍ പ്രൈമറി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ പ്രസിഡന്റാണ്.
മന്ത്രി പി.ആര്‍. കുറുപ്പ് 1968- 69 കാലത്ത് സഹകരണ നിയമം കൊണ്ടുവന്നതിന് പിന്നില്‍ തിരുവോത്തിന്റെ കൂടി ഇടപെടലുണ്ടായിരുന്നു. സഹകരണജീവനക്കാര്‍ക്ക് പെന്‍ഷന്‍ നേടിയെടുക്കുന്നതിനും നേതൃത്വം നല്‍കി. വില്ല്യാപ്പള്ളി സഹകരണ ബാങ്ക് സെക്രട്ടറിയായാണ് വിരമിച്ചത്.
പഠനകാലത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ സജീവമായ ബി.കെ. തിരുവോത്ത് പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പക്ഷത്തെത്തി. സോഷ്യലിസ്റ്റ് യുവജനസഭാ സംസ്ഥാന സെക്രട്ടറിയുമായി. സ്വാതന്ത്ര്യസമര സേനാനി വി.പി. കുഞ്ഞിരാമക്കുറുപ്പിന്റെ ശിഷ്യനായ ഇദ്ദേഹം പിന്നീട് മാതൃസംഘടനായ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. ഡിസിസി അംഗമായി. കെ. കരുണാകരനോട് ഏറ്റവും അടുപ്പമുള്ള നേതാവായിരുന്നു.