മുംബൈ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുംബൈ കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) പരിധിയിലെ എല്ലാ മാംസക്കടകളും അറവുശാലകളും 24 മണിക്കൂർ അടച്ചിടണമെന്ന് ഉത്തരവിനെതിരെ പ്രതിഷേധം. ഓഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ ചിക്കൻ, മട്ടൺ, മത്സ്യം, മറ്റ് മാംസ വിൽപ്പന കേന്ദ്രങ്ങൾ, അറവുശാലകൾ എന്നിവ അടച്ചിടണമെന്നാണ് നിർദ്ദേശം. 1988 ഡിസംബർ 19-ലെ ഭരണപരമായ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ, മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷനാണ് നിയമപ്രകാരം ഈ തീരുമാനം നടപ്പാക്കാൻ നിർദേശിച്ചത്. കെഡിഎംസി മാർക്കറ്റ് ആൻഡ് ലൈസൻസിംഗ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ കാഞ്ചൻ ഗെയ്ക്‌വാദ് ഇത് അംഗീകരിക്കുകയും ചെയ്തു.
കെഡിഎംസി പുറപ്പെടുവിച്ച നോട്ടീസിൽ, നിയമപരവും അല്ലാതെയും പ്രവർത്തിക്കുന്ന എല്ലാ അറവുശാലകളും ഓഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കാലയളവിൽ മൃഗങ്ങളെ അറുക്കുകയോ മാംസം വിൽക്കുകയോ ചെയ്താൽ 1949-ലെ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് പൗരസമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ വിഭാഗം) എംഎൽഎ ജിതേന്ദ്ര അവാദ് ഈ ഉത്തരവിനെ ശക്തമായി എതിർത്തു. "ഇത് നിങ്ങളുടെ പിതാവിന്റെ സംസ്ഥാനമാണോ എന്ന് ചോദിക്കുകയും ആളുകൾ എന്ത് കഴിക്കണമെന്നോ വിൽക്കണമെന്നോ തീരുമാനിക്കാൻ നിനക്ക് എന്ത് അധികാരമാണ് ഉള്ളത് എന്നും അവാദ് ആരോപിച്ചു. ഈ ഗെയ്ക്‌വാദ് എന്ന ഉദ്യോഗസ്ഥ ആര്? ആരാണ് അവർക്ക് ഇത്തരം ഉത്തരവിറക്കാൻ അധികാരം നൽകിയത്? കല്യാൺ-മുംബൈയിൽ ശ്രീഖണ്ഡ് പുരി കഴിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു. സ്വാതന്ത്ര്യദിനത്തിൽ മട്ടൺ പാർട്ടി നടത്തി ഈ ഉത്തരവിനെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.