പാലക്കാട്: ആലത്തൂരിൽ മാല മോഷണക്കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ പൊലിസ് പിടിയിലായി. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ സമ്പത്താണ് അറസ്റ്റിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ ഓമന എന്ന സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മോഷ്ടിച്ച മാല 1,11,000 രൂപയ്ക്ക് വിറ്റതായി പൊലിസ് കണ്ടെത്തി.
സംഭവം നടന്നത് രണ്ടാഴ്ച മുമ്പാണ്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് ബസിൽ നിന്നിറങ്ങിയ ഓമനയെ, വീട്ടിലേക്ക് ആക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി സമ്പത്ത് കൂട്ടിക്കൊണ്ടുപോയി. വീടിനു സമീപമെത്തിയപ്പോൾ മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്നുകളഞ്ഞു. തുടർന്ന് മാല അടുത്തുള്ള ജ്വല്ലറിയിൽ വിറ്റു."
പ്രതിയെ കണ്ടെത്തുക പൊലിസിന് വെല്ലുവിളിയായിരുന്നു. സമ്പത്ത് ഉപയോഗിച്ചിരുന്നത് ബജാജ് ഡിസ്കവർ ബൈക്കായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റ ഡിസ്കവർ ബൈക്കുകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പൊലിസ് പ്രതിയിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമ്പത്തിനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കടം തീർക്കാനാണ് മോഷണം നടത്തിയതെന്ന് സമ്പത്ത് മൊഴി നൽകി. കേസിൽ പൊലിസ് തുടരന്വേഷണം നടത്തിവരികയാണ്.