കോഴിക്കോട്.: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്കിലും ട്രെയിനുകളുടെ പരിമിതിയിലും കണ്ണുവെച്ച് കടുംകൊള്ളക്ക് ദീർഘദൂര സ്വകാര്യ ബസുകൾ. സെപ്റ്റംബർ ഒന്നിന് 1,000 രൂപക്ക് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടുമെങ്കിൽ ഉത്രാടദിവസമായ സെപ്റ്റംബർ നാലിന് ഇതേ ടിക്കറ്റിന് ഈടാക്കുന്നത് 2,350 രൂപയാണ്. അതായത്, മൂന്ന് ദിവസത്തെ ഇടവേളയിൽ നിരക്കുയർത്തിയത് 135 ശതമാനത്തോളം. കെ.എസ്.ആർ.ടി.സിയുടെ ഗരുഡ പ്രീമിയം സർവീസുകൾ പോലും ഈ റൂട്ടിൽ 742 രൂപ ഈടാക്കുമ്പോഴാണ് പരിധിയില്ലാത്ത ഈ വർധന. കെ.എസ്.ആർ.ടി.സിയുടെ നോൺ എ.സി ബസുകൾക്ക് 466 രൂപയാണ് ഇതേ റൂട്ടിലെ നിരക്ക്.
സെപ്റ്റംബർ ഒന്നിന് സ്വകാര്യ ബസുകളിൽ തിരുവനന്തപുരം-കോഴിക്കോട് യാത്രക്ക് 800 മുതൽ 1,400 രൂപ വരെയാണ് നിരക്കെങ്കിൽ രണ്ടിന് 800 മുതൽ 1,700 വരെയും മൂന്നിന് 1,000 മുതൽ 2,250 വരെയും നാലിന് 1,100 മുതൽ 2,350 വരെയുമാണ്. സ്വന്തം നിലയിൽ നിരക്ക് നിശ്ചയിച്ച് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ സംവിധാനങ്ങളില്ലാത്തതാണ് ഇവർക്ക് അനുകൂലമാകുന്നത്. അമിത ടിക്കറ്റ് നിരക്കിനെതിരെ മുൻ വർഷങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നെങ്കിലും ഇക്കുറി അധികൃതരും നിശ്ശബ്ദരാണ്.
മതിയായ ട്രെയിനുകളില്ലാത്തതും പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളടക്കം നിറഞ്ഞതുമാണ് ഓണക്കാലത്ത് നാടണയാൻ കാത്തിരുന്നവരെ വെട്ടിലാക്കുന്നത്. സ്ഥിരം ട്രെയിനുകളിൽ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും മിക്കവരും വെയ്റ്റിങ് ലിസ്റ്റിലാണ്. നേത്രാവതിയും മാവേലിയും ഏറനാടും മംഗളൂരുവുമടക്കം മിക്കവാറും എല്ലാ ട്രെയിനുകളും ജൂലൈ ആദ്യം തന്നെ വെയ്റ്റിങ് ലിസ്റ്റിലായിക്കഴിഞ്ഞിരുന്നു. ഓണത്തിന് 23 ദിവസം ശേഷിക്കുമ്പോഴും തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ മലബാറിലും മംഗളൂരുവിലും വെയ്റ്റിങ് ലിസ്റ്റ് 100 കടന്നു. ചെന്നൈ -കൊല്ലം, മംഗളൂരു-തിരുവനന്തപുരം, മംഗളൂരു-കൊല്ലം റൂട്ടുകളിലാണ് റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. ഇവയും ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു