വടകര: അബോധാവസ്ഥയിലായ ഒന്നരവയസ്സുകാരന് തുണയായി ബസ് ജീവനക്കാര്‍. പനിയെത്തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞിനെ കൊയിലാണ്ടി-വടകര റൂട്ടിലോടുന്ന സാരംഗ് ബസ് ജീവനക്കാര്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇരിങ്ങത്ത് തയ്യുള്ളപറമ്പില്‍ സുബിന്‍, പയ്യോളി ബീച്ചിലെ വീണ നിവാസില്‍ രൂപേഷ്, ഇരിങ്ങല്‍ പുലിക്കോട് താരമേല്‍ സാരംഗ് എന്നിവരാണ് പുതുപ്പണം ചിക്കിനോത്ത് രഞ്ജിത്തിന്റെ മകനെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ കൊയിലാണ്ടിയില്‍നിന്ന് വടകരയിലേക്ക് ട്രിപ്പ് നടത്തുകയായിരുന്നു സാരംഗ് ബസ്. ഇതിനിടെ അരവിന്ദ് കോസ് ബസ്സ്റ്റോപ്പില്‍നിന്ന് കുഞ്ഞുമായി അച്ഛനും അമ്മയും കരഞ്ഞുകൊണ്ട് ബസിലേക്ക് കയറുകയായിരുന്നു. കുട്ടിക്ക് ഈ സമയത്ത് ബോധമുണ്ടായിരുന്നില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. മറ്റു വാഹനങ്ങളന്വേഷിച്ച് ആശുപത്രിയിലെത്തിക്കുന്നത് സമയനഷ്ടവും അപകടവുമുണ്ടാക്കുമെന്ന ധാരണയില്‍ കുട്ടിയെ കയറ്റിയ ഉടന്‍ മറ്റെവിടെയും നിര്‍ത്താതെ ബസ് സഹകരണ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.