ബന്ദിപ്പുര്‍: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ കാട്ടാനയ്ക്ക് മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ ആക്രമിച്ചു. സംഭവത്തിൽ മലയാളിയായ യുവാവിനാണ് പരിക്കേറ്റത്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്താണ് സംഭവം. പരിക്കേറ്റ ആളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയിലാണ് ഇയാളടക്കം നിരവധി പേർ റോഡിൽ ഇറങ്ങിയത്. നിരവധി വാഹനങ്ങളും ഇവിടെ നിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്.ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാൾക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഓടുന്നതിനിടെ യുവാവ് റോഡിൽ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.വന്യജീവികളുടെ പ്രധാന ഇടനാഴിയും യാത്രാപ്രേമികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രവുമായ ബന്ദിപ്പുരില്‍ ആനയുടെ ആക്രമണം മുന്‍പും ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് മരണത്തില്‍ കലാശിച്ചിട്ടുമുണ്ട്. ബന്ദിപ്പുരില്‍ കടുവയുടെ ആക്രമണവും ഉണ്ടാവാറുണ്ട്. വാഹനം നിർത്തരുതെന്നും പുറത്തിറങ്ങരുതെന്നുമുള്ള നിർദേശങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്