ഹരിപ്പാട്: ദേശീയപാതയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന ടിപ്പർ ലോറി മോഷണം പോയ കേസിൽ ഒരാൾ കൂടി പിടിയിൽ. പിടികൂടിയയാൾ മുഖ്യപ്രതിയാണെന്ന് ഹരിപ്പാട് പൊലിസ് വ്യക്തമാക്കി. കണ്ണൂർ ഉളിയിൽ ചാവശ്ശേരി നാരായണപ്പാറ വീട്ടിൽ നൗഷാദ് (46) ആണ് അറസ്റ്റിലായത്. വിശ്യസമുദ്ര എന്ന കമ്പനിയുടെ കീഴിൽ കോൺട്രാക്ട് പണിക്കായി ഉപയോഗിച്ചിരുന്ന കെ.എൽ. 04 എ.ബി. 2731 നമ്പർ ടിപ്പർ ലോറിയാണ് ജൂൺ 23-ന് കരുവാറ്റയിൽ നിന്ന് മോഷണം പോയത്.
ലോറിയിൽ ഘടിപ്പിച്ച ജിപിഎസ് സംവിധാനം ഉപയോഗിച്ച് തമിഴ്നാട് പൊലിസിന് വിവരം കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനവും മോഷ്ടാക്കളെയും തമിഴ്നാട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മലപ്പുറത്തുള്ള ഒരാൾ വണ്ടിക്കൂലിയും പണവും വാഗ്ദാനം ചെയ്ത് തന്റെ ലോറി ഹരിപ്പാടിൽ ഉണ്ടെന്നും അത് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടതായും പിടിയിലായവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണ കേസുകളിൽ മുമ്പ് ഉൾപ്പെട്ട ഒരാളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ ഉളിയിൽ സ്വദേശിയായ നൗഷാദാണ് മുഖ്യസൂത്രധാരനെന്ന് പൊലിസ് തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ ചേളാരി, ഫറൂഖ്, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ, പരപ്പനങ്ങാടിയിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലിസ് ട്രെയിൻ മാർഗം നൗഷാദിനെ ആലപ്പുഴയിലെത്തിച്ചു.
ഹരിപ്പാട് പൊലിസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഷൈജ, ആദർശ്, രാജേഷ് ചന്ദ്ര, എ.എസ്.ഐ. ബിജു രാജ്, സി.പി.ഒ.മാരായ അക്ഷയ്, നിഷാദ്, സജാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.