ത്രിശൂർ:തൃശൂരില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലെന്ന് കോണ്‍ഗ്രസും സി.പി.എമ്മും. പൂങ്കുന്നത്തെ ഫ്ളാറ്റില്‍ വാടകക്കാര്‍ അറിയാതെ ഒന്‍പതു കള്ളവോട്ടുകള്‍ ചേര്‍ത്തതായി കുടുംബം മനോരമ ന്യൂസിനോട്. ചേലക്കരയിലെ ബി.ജെ.പി. നേതാവും ഭാര്യയും തൃശൂരില്‍ വോട്ടു ചെയ്തതായി വി.എസ്.സുനില്‍കുമാറും ആരോപിച്ചു.
എഴുപത്തിയ്യായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി ജയിച്ചെന്ന് കരുതി കള്ളവോട്ട് ചേര്‍ത്തത് പറയാതിരിക്കാനാവില്ലെന്ന് വി.എസ്.സുനില്‍കുമാര്‍ വ്യക്തമാക്കി. സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് തൃശൂരില്‍ കള്ളവോട്ടുകള്‍ ചേര്‍ത്തതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു.
ബി.ജെ.പിയുടെ കള്ളവോട്ട് ചേര്‍ക്കല്‍ നഗരത്തിലെ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചെന്ന് തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റ് ആരോപിച്ചു. കരട് വോട്ടര്‍പട്ടിക പ്രസിദ്ധകിരച്ച ശേഷം സൂക്ഷ്മ പരിശോധനയ്ക്കു വേണ്ടത്ര അവസരം ലഭിച്ചില്ലെന്നാണ് എല്‍.ഡി.എഫും യു.ഡി.എഫും ആരോപിക്കുന്നത്. സുരേഷ് ഗോപിക്ക് എതിരെ എ.ഐ.വൈ.എഫ്. നേതാവ് ബിനോയ് ഷബീര്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.